Friday, November 28, 2008

സ്വതന്ത്ര സോഫ്റ്റ്‌വെയറും സ്വതന്ത്ര സമൂഹവും

അടുത്ത കാലത്തു് സമകാലിക മലയാളം എന്ന വാരികയില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു ലേഖനത്തിന്റെ പൂര്‌ണ്ണരൂപമാണു് താഴെ കൊടുത്തിരിക്കുന്നതു് (നവംബര്‍ 7, 2008). അവര്‍ചില മാറ്റങ്ങള്‍ വരുത്തിയാണു് വാരികയില്‍ പ്രസിദ്ധീകരിച്ചതു്.

പുതിയ സ്വാതന്ത്ര്യ സമരങ്ങള്‍

സ്വാതന്ത്ര്യം തന്നെ അമൃതം,
സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മാനികള്‍ക്കു്,
മൃതിയേക്കാള്‍ ഭയാനകം.
-- കുമാരനാശാന്‍

സ്വാതന്ത്ര്യം തന്നെയാണു് മനുഷ്യര്‍ക്കു് ഏറ്റവും പ്രധാനം. അതുകൊണ്ടാവണമല്ലോ ഇത്രവളരെ സ്വാതന്ത്ര്യസമരങ്ങള്‍ നാം കാണുന്നതു്. അതു് രാഷ്‍ട്രീയ സ്വാതന്ത്ര്യത്തിനാവാം. വ്യക്തി സ്വാതന്ത്ര്യത്തിനാവാം. പഠന സ്വാതന്ത്ര്യത്തിനാവാം. ചരിത്രത്തിലെ ഒരു പ്രധാന ഭാഗം തന്നെയാണു് സ്വാതന്ത്ര്യ സമരങ്ങള്‍. കരുത്തുള്ളവര്‍ ഇല്ലാത്തവരെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നിടത്തോളെ കാലം ഇത്തരം സമരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. സമൂഹത്തിന്റെയും സാങ്കേതികവിദ്യയുടെയും സ്വഭാവം മാറുന്നതനുസരിച്ച് ചൂഷണത്തിന്റെ സ്വഭാവവും മാറിക്കൊണ്ടിരിക്കുമല്ലോ. അതനുസരിച്ച് സ്വാതന്ത്ര്യസമരത്തിന്റെ മാര്‍ഗ്ഗങ്ങളും മാറ്റേണ്ടിവരും. പലപ്പോഴും സ്വാതന്ത്ര്യം അപഹരിക്കപ്പെടുന്നത് നമുക്ക് വ്യക്തമായി തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലായിരിക്കും---വിശേഷിച്ച് സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള അവബോധം വളര്‍ന്നുവരുന്ന ഈ കാലഘട്ടത്തില്‍. നമ്മുടെ രാജ്യത്ത് എങ്ങനെ കാര്യങ്ങള്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ നമുക്ക് കുറേശ്ശെ കുറേശ്ശെ നഷ്ടപ്പെടുന്നത് ശ്രദ്ധിച്ചുകാണുമല്ലോ. ഇന്നത്തെ ഡിജിറ്റല്‍ ലോകത്തില്‍ വിവരവിനിമയസാങ്കേതികവിദ്യ സാദ്ധ്യമാക്കുന്ന സ്വാതന്ത്ര്യങ്ങള്‍ നമുക്കു നഷ്ടമാകുന്നതെങ്ങിനെ, അത് തിരിച്ചുപിടിക്കുന്നതെങ്ങനെ, എന്നതിനേയൊക്കെപ്പറ്റി നമുക്കു് ഇവിടെ ചര്‍ച്ച ചെയ്യാം.

മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളവയില്‍ വെച്ച് ഏറ്റവും സാദ്ധ്യതകള്‍ നിറഞ്ഞ, പ്രയോജനപ്രദമായ, സാങ്കേതികവിദ്യകളില്‍ ഒന്നാണല്ലോ വിവരവിനിമയ സാങ്കേതികവിദ്യ (Communication Technology, ICT). ഈ സാങ്കേതിക വിദ്യയുടെ പ്രയോജനം, മറ്റു് ഏത് സാങ്കേതികവിദ്യയുടേതുമെന്നപോലെ, സമൂഹത്തിനു് ലഭിക്കേണ്ടതല്ലേ? കുറച്ചു വ്യക്തികള്‍ക്കോ ചില വ്യവസായ സ്ഥാപനങ്ങള്‍ക്കോ മാത്രം ലഭിക്കേണ്ടതല്ല എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ലല്ലോ. അങ്ങനെയല്ല എന്ന് ആരും വാദിക്കും എന്നു തോന്നുന്നില്ല. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ ഈ സാങ്കേതിക വിദ്യയുടെ എല്ലാ ഗുണങ്ങളും സമൂഹത്തിനു ലഭിക്കുന്നില്ല എന്നതല്ലേ സത്യം? ഇതിനു കാരണം ഈ പുതിയ സാങ്കേതിക വിദ്യയുടെ പൂര്‍ണ്ണ ഫലം സമൂഹത്തിനു ലഭിക്കാന്‍ സഹായിക്കുമാറു് നിയമങ്ങള്‍ മാറിയിട്ടില്ല എന്നതാണെന്നു കാണാന്‍ പ്രയാസമുണ്ടാവില്ല. നിയമങ്ങള്‍ ഇപ്പോഴും പഴയ സാങ്കേതിക വിദ്യയ്ക്ക് ഉതകുന്ന വിധത്തില്‍ തന്നെ നിലനില്‍ക്കുകയാണല്ലോ. നിയമങ്ങളില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ലല്ലോ. എന്നുതന്നെയല്ല, ചിലര്‍ക്കുമാത്രം പ്രയോജനപ്പെടുമാറു് ആ നിയമങ്ങള്‍ കൂടുതല്‍ ശക്തമാവുകയും ചെയ്തിരിക്കുന്നു. ഏതാനും ബഹുരാഷ്ട്ര കുത്തക കമ്പനികളെ മാത്രമാണു് ഈ നിയമങ്ങള്‍ സഹായിക്കുന്നതു് എന്നതല്ലേ സത്യം?

എങ്ങനെയാണിതു സംഭവിക്കുന്നതു് എന്നു പരിശോധിക്കാം. പകര്‍പ്പവകാശം എന്ന അവകാശം, അതിനുള്ള നിയമം, എന്നിവയില്‍ നിന്നാണു് ഇതു് തുടങ്ങുന്നതു്. അല്പം ചരിത്രത്തില്‍ നിന്നു തുടങ്ങാം. ഒരു ഗ്രന്ഥകര്‍ത്താവിന്റെ കൃതി മറ്റാരെങ്കിലും അച്ചടിച്ച് വിറ്റു് മൂലകര്‍ത്താവിനു ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടാതിരിക്കാനാണു് പകര്‍പ്പവകാശനിയമം ഉണ്ടാക്കിയതത്രെ. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലായിരുന്നു ആദ്യമായി ഇത്തരം നിയമം ഉണ്ടായതു്. ഈ നിയമം കൊണ്ടുള്ള പ്രയോജനം ഗ്രന്ഥകര്‍ത്താക്കള്‍ക്കായിരുന്നു. ഒരു കൃതി പ്രസിദ്ധീകരിക്കാനുള്ള അവകാശം 28 വര്‍ഷത്തേക്ക് ഗ്രന്ഥകര്‍ത്താവിനു മാത്രമായി പരിമിതിപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഈ നിയമം. 28 വര്‍ഷം കഴിയുമ്പോള്‍ കൃതി സമൂഹത്തിന്റെ പൊതുസ്വത്തായിത്തീരും. സമൂഹത്തിന്റെ ഗുണത്തിനായി സ്രഷ്ടാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ആദ്യകാലത്ത് ഇംഗ്ലണ്ട്, സ്ക്കോട്ട്ലന്റ്, വെയ്ല്‍സ് എന്നീ പ്രദേശങ്ങളില്‍ മാത്രമെ ഈ നിയമം ഉണ്ടായിരുന്നുള്ളൂ. മറ്റു പ്രദേശങ്ങളില്‍ കൃതികള്‍ പുനപ്രസിദ്ധീകരിക്കുന്നതിനു് യാതൊരു നിയന്ത്രണവുമില്ലായിരുന്നു.

1790ല്‍ അമേരിക്കന്‍ പകര്‍പ്പവകാശനിയമം ഉണ്ടായപ്പോള്‍ ഗ്രന്ഥകര്‍ത്താവിന് 14 വര്‍ഷത്തേക്കാണ് പൂര്‍ണ്ണാവകാശം നല്‍കിയത് --- ജീവിച്ചിരിക്കുന്നെങ്കില്‍ പതിനാലു വര്‍ഷത്തേക്കുകൂടി നീട്ടാം എന്ന സാദ്ധ്യതയോടെ. ഇത്തരം നിയമം മറ്റു രാജ്യങ്ങളിലും വരികയും 1886ല്‍ ബേണ്‍ കണ്‍വെന്‍ഷനിലൂടെ ഈ നിയമം ഏതാണ്ട് സാര്‍വ്വലൌകികമാകുകയും ചെയ്തു. ക്രമേണ പകര്‍പ്പവകാശത്തിന്റെ കാലാവധി ഏറിവന്നു. ഏതാണ്ട് പത്തു വര്‍ഷം മുന്‍പ് അമേരിക്കയില്‍ ഇത് സൃഷ്ടികര്‍ത്താവിന്റെ മരണത്തിനുശേഷം 70 വര്‍ഷം വരെയാക്കി നീട്ടി. സ്പഷ്ടമായും ഇത് സൃഷ്ടികര്‍ത്താവിനെ സഹായക്കാനല്ല. പിന്നെന്തിന്? പകര്‍പ്പവകാശം കൈവശം വച്ചിരിക്കുന്ന വ്യക്തിക്കോ കമ്പനിക്കോ മാത്രമേ ഇതുകൊണ്ട് പ്രയോജനമുണ്ടാവൂ എന്നു വ്യക്തമല്ലേ. മിക്കപ്പോഴും പ്രസിദ്ധീകരണ കമ്പനികളുടെ കൈവശമാണ് പകര്‍പ്പവകാശം ഉണ്ടാവുക. മിക്കി മൌസിന്റെ സ്രഷ്ടാവായ വാള്‍ട്ട് ഡിസ്നിയുടെ കമ്പനിയുടെ ശ്രമത്താലാണ് ഈ നിയമം ഉണ്ടായത് എന്നതുകൊണ്ട് ഇത് മിക്കിമൌസ് നിയമം എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. ഇത്ര അന്യായമായ കാലയളവിലേക്ക് പകര്‍പ്പവകാശം നീട്ടിയതിന്റെ പ്രതിഷേധമായിട്ടുള്ള കളിയാക്കല്‍ കൂടി ഈ പേരിലുണ്ട് എന്നു തോന്നുന്നില്ലേ?

ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. മുമ്പൊരിക്കല്‍ യേശുദാസ് പാടിയ ഗാനങ്ങള്‍ അരെങ്കിലും പൊതുസ്ഥലത്തു് പാടിയാല്‍ അതിനു് പണമടയ്ക്കണം എന്നു് അദ്ദേഹത്തിന്റെ പുത്രന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു് ചെയ്തിരുന്നു. പിന്നീടു് യേശുദാസ് തന്നെ അതു് മാറ്റിപ്പറയുകയുണ്ടായി. എങ്കിലും ഇങ്ങനെ ഗാനങ്ങള്‍ പൊതുസ്ഥലത്തു് പാടുന്നതിനു മുമ്പു് ഏതൊക്കെ പാട്ടുകള്‍ പാടാനുദ്ദേശിക്കുന്നുവൊ, മുന്‍കൂട്ടി പണമടച്ചു് അവ പാടുന്നതിനുള്ള അനുവാദം മേടിച്ചിരിക്കണമെന്നും അതിനു് തങ്ങള്‍ സഹായിക്കുമെന്നും അവകാശപ്പെടുന്ന ഒരു വെബ്‍ സൈറ്റുണ്ടു്. (http://www.pplindia.org/ നോക്കൂ). ഇതിന്റെ ലോജിക്ക് മനസിലാക്കാന്‍ കുറച്ചു പ്രയാസമുണ്ടെന്നു തോന്നുന്നില്ലേ? ഒരു ചലച്ചിത്രമുണ്ടാക്കുമ്പോള്‍ അതിനു വേണ്ടി പാട്ടുണ്ടാക്കാന്‍ ചിലരെ ഏല്‍പ്പിക്കുന്നു. അതിനുള്ള പ്രതിഫലം അവര്‍ക്കു് പ്രൊഡ്യൂസര്‍ നല്‍കുകയും ചിത്രം കാണുന്നവരുടെ പക്കല്‍ നിന്നു് അദ്ദേഹത്തിനു് അതു് തിരികെ ലഭിക്കുകയും ചെയ്യുന്നു. ചിത്രം മോശമായിപ്പോയതുകൊണ്ടു് വരവു് മോശമായാല്‍ അതദ്ദേഹം സഹിച്ചേ പറ്റു, ഇല്ലേ? അതുപോലെ, പാട്ടുകള്‍ നന്നായാലും മോശമായാലും പാട്ടുണ്ടാക്കിയവര്‍ക്കു് അദ്ദേഹം പണം കൊടുത്തേ തീരൂ. അപ്പോള്‍ പാട്ടുണ്ടാക്കുന്നവര്‍ തങ്ങളുടെ ജോലി തീര്‍ത്തു് അതിനുള്ള പണവും മേടിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയാ പാട്ടുകള്‍ മറ്റാരെങ്കിലും പാടിയാലും പണം പാട്ടുണ്ടാക്കിയവര്‍ക്കെല്ലാം നല്‍കണം എന്നു പറയുന്നതിന്റെ ലോജിക്കാണു് മനസിലാകാത്തതു്.
പാട്ടെഴുതിയ വ്യക്തി ഓരോ പ്രാവശ്യവും അക്ഷരമെഴുതുമ്പോള്‍ എഴുതാന്‍ പഠിപ്പിച്ച അദ്ധ്യാപകനു് പണം കൊടുക്കുന്നുണ്ടോ? സംഗീതസംവിധായകനും ഗായകനും ഗായികയും പാടുമ്പോള്‍ തങ്ങളെ സംഗീതം പഠിപ്പിച്ചവര്‍ക്കും കീര്‍ത്തനങ്ങള്‍ രചിച്ചവര്‍ക്കും പണം നല്‍കുന്നുണ്ടോ? ഇല്ലല്ലോ. പിന്നെന്തിനു് ഇങ്ങനെയൊരു നിയമം?

അച്ചടി എന്ന സാങ്കേതിക വിദ്യ‍യുടെ വരവോടെയാണ് പകര്‍പ്പവകാശ നിയമത്തിന് പ്രസക്തിയുണ്ടായത്. അതിനു മുന്‍പു് ഗ്രന്ഥങ്ങളുടെ അനേകം പകര്‍പ്പുകളുണ്ടാക്കി വില്‍ക്കുക എന്നതു് പ്രാവര്‍ത്തികമല്ലായിരുന്നന്നല്ലൊ. എന്നാല്‍‍ അച്ചടി എന്ന സങ്കേതം ഉണ്ടായപ്പോള്‍ ആയിരക്കണക്കിനു് പകര്‍പ്പുകളുണ്ടാക്കി കച്ചവടം ചെയ്യുന്നതു് എളുപ്പമായി. അങ്ങനെ കച്ചവടം ചെയ്യുമ്പോള്‍ അതുകൊണ്ടുള്ള സാമ്പത്തിക നേട്ടം ഗ്രന്ഥകര്‍ത്താവിനുകൂടി ലഭിക്കാനാണ് പകര്‍പ്പവകാശനിയമം കൊണ്ടുവന്നത്. സൃഷ്ടിപരമായ കഴിവുകളുള്ളവരെക്കൊണ്ട് സമൂഹത്തിനു പ്രയോജനമുണ്ടാവണം എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇത്തരം കഴിവുകളുള്ളവരെ പ്രോത്സാഹിപ്പിക്കാനായിട്ടായിരുന്നു ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നതു്.

എന്നാലിന്ന് പുതിയൊരു സാങ്കേതികവിദ്യ‍ നമുക്കുണ്ടു്---വിവരവിനിമയ സാങ്കേതികവിദ്യ. ഗ്രന്ഥങ്ങളോ, ചിത്രങ്ങളോ, ചലച്ചിത്രങ്ങളോ, സംഗീതമോ ഒക്കെ ഡിജിറ്റല്‍ രൂപത്തില്‍ അനേകായിരമോ ലക്ഷക്കണക്കിനോ വ്യക്തികളുടെ പക്കലെത്തിക്കാന്‍, അവര്‍ ലോകത്തെവിടെയായാലും, ഒരു നിമിഷം മതി. അതിനുള്ള ചെലവോ, നിസ്സാരവും. അപ്പോള്‍ ഈ സാങ്കേതിക വിദ്യയുടെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടണമെങ്കില്‍ ഇത്തരം സാംസ്ക്കാരിക സൃഷ്ടികളുടെ വിതരണത്തിന് നിയന്ത്രണമുണ്ടാവരുതു് എന്ന കാര്യം വ്യക്തമല്ലേ? പലര്‍ക്കും ഞെട്ടലുണ്ടാക്കുന്നതായിരിക്കും ഈ ആശയം. ഇങ്ങനെ പകര്‍പ്പവകാശനിയമം അനുസരിച്ചുള്ള നിയന്ത്രണമില്ലെങ്കില്‍ കൃതിയുടെ കര്‍ത്താവിന് സാമ്പത്തിക നഷ്ടമുണ്ടാവില്ലേ എന്ന ചോദ്യം സ്വാഭാവികമായുണ്ടാവാം. അതില്‍ ന്യായമുണ്ടു്.

എന്നാല്‍ അതിന് പകര്‍പ്പവകാശനിയമം തന്നെ വേണോ, അതുകൊണ്ട് ആര്‍ക്കാണു് പ്രയോജനം എന്ന കാര്യമൊന്നു പരിശോധിക്കാം. നമുക്കു പരിചയമുള്ളതെല്ലാം തന്നെയാണ് ശരി എന്നു നമുക്കു സ്വാഭാവികമായുണ്ടാകുന്ന തോന്നല്‍ ഒരു നിമിഷത്തേക്ക് മാറ്റി വയ്ക്കാം. എഴുതിത്തുടങ്ങുന്ന ഏത് സാഹിത്യകാരനും ആഗ്രഹിക്കുന്നത് തന്റെ കൃതികള്‍ കഴിയുന്നത്ര ആള്‍ക്കാര്‍ വായിക്കണം, എന്നല്ലേ? എഴുതാന്‍ ശ്രമിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ ഈ കാര്യം. ആദ്യമായി ഒരു കൃതി പ്രസിദ്ധീകരിച്ചു കാണാന്‍ എത്ര കഷ്ടപ്പെടാറുണ്ടു്! എഴുത്തുകൊണ്ട് പണമുണ്ടാക്കി ജീവിക്കാം എന്നു ചിന്തിച്ചുകൊണ്ട് എഴുതിത്തുടങ്ങുന്നവരുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ തന്നെ വളരെ വിരളമാവാനേ സാദ്ധ്യതയുള്ളൂ. ആദ്യകാലത്ത് വരുമാനമുണ്ടാകാന്‍ തന്നെ വിഷമമായിരിക്കും. പലപ്പോഴും ചെലവായിരിക്കും കൂടുതല്‍. പിന്നീട് എഴുതി പ്രശസ്തനായിക്കഴിയുമ്പോഴാണ് പണം ലഭിച്ചു തുടങ്ങുന്നത്. എന്നാല്‍തന്നെ അതുകൊണ്ട് ജീവിതച്ചെലവു് നടത്താന്‍ സാധിക്കുന്നവര്‍ വിരളമാണു്. അരുന്ധതി റോയേപ്പോലെ വലിയ തുകകള്‍ സമ്പാദിക്കാന്‍ പറ്റുന്നവര്‍ അപൂര്‍വ്വവും.

പകര്‍പ്പവകാശം കൈവശമുണ്ടെങ്കില്‍ത്തന്നെ ഉയര്‍ന്ന നിലവാരമുള്ള കൃതിയാണെങ്കിലോ അല്ലെങ്കില്‍ കര്‍ത്താവ് പ്രശസ്തനാണെങ്കിലോ മാത്രമെ പ്രയോജനമുള്ളല്ലോ. മാസികകളിലും മറ്റും പ്രസിദ്ധീകരിക്കുന്ന കൃതികളുടെ പകര്‍പ്പവകാശം മിക്ക സന്ദര്‍ഭങ്ങളിലും കര്‍ത്താവിന്റെ പക്കല്‍ തന്നെയാണുണ്ടാവുക. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചാല്‍ വിറ്റുവരവില്‍ നിന്നുള്ള ലാഭത്തിന്റെ വലിയ ഭാഗവും ലഭിക്കുന്നത് പ്രസാധകനാണ്. ഏതാണ്ടിതുപോലൊക്കെ തന്നെയാണ് മറ്റു കലാസാംസ്ക്കാരിക കൃതികളുടെ കാര്യത്തിലും. പാശ്ചാത്യ സംഗീത ഗ്രൂപ്പുകളില്‍ ചിലര്‍ തന്നെ അവരുടെ സംഗീതം സ്വതന്ത്രമായി വിതരണം ചെയ്യുന്നതാണ് അവര്‍ക്ക് ഗുണം ചെയ്യുന്നത് എന്ന് ചില വെബ് സൈറ്റുകളില്‍ എഴുതിയിട്ടുണ്ട്. അവര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നത് കച്ചേരികളില്‍ നിന്നാണത്രെ. അവരുടെ സംഗീതം കൂടുതല്‍ പേര്‍ കേട്ടാല്‍ അവര്‍ക്ക് കൂടുതല്‍ കച്ചേരികള്‍ ലഭിക്കാനിടയാവും. സംഗീതം സ്വതന്ത്രമാകുന്നതിനു് എതിരായി നില്‍ക്കുന്നത് അവിടത്തെ സംഗീതവ്യ‍വസായമാണ്. കാരണം അവര്‍ക്കാണ് അതുകൊണ്ട് നഷ്ടം ഉണ്ടാവുന്നതു് (ഉദാഹരണമായി http://news.cnet.com/2010-1071-944488.html).

അങ്ങനെ, ഇന്നു് പ്രചാരത്തിലുള്ള സാങ്കേതിക വിദ്യ‍യുടെ സാഹചര്യത്തില്‍, സാഹിത്യ കലാ സൃഷ്ടികള്‍ സ്വതന്ത്രമായി വിതരണം ചെയ്യുന്നതാണു് സമൂഹത്തിന് ഏറ്റവും ഗുണം ചെയ്യുന്നതു്. അപ്പോള്‍ ആ സൃഷ്ടികള്‍ കൂടുതല്‍ എളുപ്പത്തില്‍ കൂടുതല്‍ ആള്‍ക്കാരുടെ പക്കലെത്തും. അതു തന്നെ അവ സൃഷ്ടിച്ചവര്‍ക്ക് കൂടുതല്‍ സന്തോഷവും അഭിമാനവും നല്‍കാനിടയാവും. മാത്രമല്ല, ശില്പശാലകളിലേക്കും മറ്റും ക്ഷണിക്കപ്പെടുന്നതിലൂടെ അവര്‍ക്കു് വരുമാനമുണ്ടാകാനുള്ള സാദ്ധ്യത കൂടുകയും ചെയ്യും. ഇനി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിനും പകരം വയ്ക്കാന്‍ മാര്‍ഗ്ഗമുണ്ട്. ആര്‍ക്കെങ്കിലും പണം നല്‍കുന്നത് എളുപ്പമാക്കുന്നുണ്ടല്ലോ ഈ സാങ്കേതിക വിദ്യ---ഇന്റര്‍നെറ്റ് ബാങ്കിങ്ങും ക്രെഡിറ്റ് കാര്‍ഡുമെല്ലാം ചെയ്യുന്നത് ഇതല്ലെ. ഒരു സംഗീത ഫയലോ സാഹിത്യ‍കൃതിയോ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ അവിടെ ഒരു ബട്ടണ്‍ കൊടുക്കാം, കൃതിയുടെ കര്‍ത്താവിനു് നിങ്ങള്‍ക്കിഷ്ടമുള്ള പണം നല്‍‍കാന്‍. ഉദാഹരണമായി, ഒരു ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരുക്കിയിട്ടുള്ള വെബ് പേജില്‍ ഒരഭ്യ‍ര്‍ത്ഥന കൂടി നല്‍കാം``ഈ ഗാനം നിങ്ങള്‍ക്കിഷ്ടമായെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഒരു തുക നല്‍കുക'' എന്ന്. പണം നല്‍കുന്നത് സൌകര്യ‍പ്പെടുത്താന്‍ ഒരു ബട്ടണും. ആരും നല്‍കില്ല എന്നു തോന്നുന്നുണ്ടോ? ഒരു കാര്യമോര്‍ക്കണം. ഈ വെബ് സൈറ്റ് ലോകം മുഴുവനും കാണുന്നതാണ്. സംഗീതമിഷ്ടപ്പെടുന്ന കുറേപ്പേരെങ്കിലും പണം നല്‍കും എന്നതുറപ്പാണ്. മാത്രമല്ല, അങ്ങനത്തെ ഒരു സാഹചര്യമുണ്ടാകുമ്പോള്‍ പണം കൊടുക്കാതിരിക്കുന്നതു് മോശമായി കരുതപ്പെടാന്‍ പോലും ഇടയുണ്ടു്. ചെറിയൊരിടത്തുള്ളവര്‍ മാത്രമല്ല വെബ്‍സൈറ്റ് കാണുന്നത് എന്നതുകൊണ്ട് ഗാനത്തേപ്പറ്റി അറിയുന്നവരുടെ എണ്ണം വളരെ കൂടുതലാവും. അതുകൊണ്ടു തന്നെ ലഭിക്കുന്ന പണവും കൂടുതലാവാനാണ് സാദ്ധ്യ‍ത. ഇവിടെ ഇടനിലക്കാരില്ല എന്നതും പ്രധാനമാണു്.

സ്വന്തം സൃഷ്ടികള്‍ സമൂഹത്തിനു് ഉപയോഗിക്കാന്‍ സ്വതന്ത്രമായി നല്‍കുന്ന ഒരു പ്രസ്ഥാനം ഉണ്ടായത് 1984ലാണ്. അതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. ഇതിന് തുടക്കം കുറിച്ചത് മാസച്ച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പില്‍ പ്രവൃത്തിയെടുത്തിരുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാനാണ്. അറിവുപോലെയാണു് സോഫ്റ്റ്‌വെയര്‍ എന്നും അറിവുപോലെ സോഫ്റ്റ്‌വെയറും സ്വതന്ത്രമായിരിക്കണമെന്നും ഉള്ള വിശ്വാസത്തില്‍, ജനങ്ങള്‍ക്ക് സ്വ‍തന്ത്രമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുകയും പഠിച്ചു മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാവുന്ന സോഫ്റ്റ്{}വെയര്‍ എഴുതേണ്ടതുണ്ട് എന്നദ്ദേഹം തീരുമാനിച്ചു. അങ്ങനെ ഗ്നു (GNU) പ്രോജക്ട് ആരംഭിച്ചു. അത്തരം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നതിനുള്ള ജനറല്‍ പബ്ലിക് ലൈസന്‍സ് (General Public Licence) എന്ന ലൈസന്‍സും സൃഷ്ടിച്ചു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്ന് ആര്‍ക്കും പുത്തരിയല്ല. ലോകത്താകമാനം അതറിയപ്പെടുന്നു. മാത്രമല്ല പല രാജ്യങ്ങളിലും സര്‍ക്കാരുകളും സ്വ‍കാര്യ‍ കമ്പനികളും അതുപയോഗിച്ചു തുടങ്ങിയിരിക്കുന്നു. സ്പെയിനിലെ എക്സ്ട്രെമദുര സംസ്ഥാനവും ജര്‍മ്മനിയിലെ മ്യൂണിക്ക് നഗരവും കേരള സംസ്ഥാനവും നമ്മുടെ LIC യും തമിഴ്‌നാട്ടിലെ ELCOT ഒക്കെ ഉദാഹരണങ്ങളാണ്. മൈക്രോസോഫ്റ്റിന്റെ കുത്തകയ്ക്കുതന്നെ തടസം നില്‍ക്കുന്ന പ്രധാനപ്പെട്ട സോഫ്റ്റ്‌വെയര്‍ ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ഗ്നു ലിനക്സ് ഇന്ന്. കേരളത്തിലെ എല്ലാ സ്ക്കൂളുകളിലും ഉപയോഗിക്കുന്ന സ്വ‍തന്ത്ര സോഫ്റ്റ്‌വെയറിനേപ്പറ്റി അറിയാത്തവര്‍ കേരളത്തില്‍ വിരളമായിരിക്കും. എന്നാല്‍ അറിവിന്റെ സ്വാതന്ത്ര്യം എന്ന ഈ ആശയം മറ്റു രംഗങ്ങളില്‍ എന്തു സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നറിയാവുന്നവര്‍ വളരെ അപൂര്‍വ്വ‍മായിരിക്കും. അതുകൊണ്ട് നമുക്കിവിടെ അത്തരം ചില കാര്യങ്ങള്‍ പരിശോധിക്കാം.

സ്വ‍തന്ത്രമായ വിജ്ഞാനകോശം

അറിവു സ്വ‍തന്ത്രമായിരിക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ സോഫ്റ്റ്‌വെയറും സ്വ‍തന്ത്രമായിരിക്കണം എന്നു സ്റ്റാള്‍മാന്‍ തീരുമാനിച്ചതു്. അങ്ങനെയെങ്കില്‍ അറിവും സ്വ‍തന്ത്രമാവണ്ടേ? അറിവിന്റെ ശേഖരമാണല്ലോ എന്‍സൈക്ലോപീഡിയ അഥവാ വിജ്ഞാനകോശം. എണ്‍പതുകളിലുണ്ടായിരുന്ന വിജ്ഞാനകോശങ്ങള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സ്വ‍തന്ത്രമായിരുന്നില്ല. ബ്രിട്ടാനിക്ക പോലുള്ള വിജ്ഞാനകോശങ്ങള്‍ പകര്‍പ്പവകാശമുള്ളവയായിരുന്നു. അവ വായിച്ച് അവയിലെ ആശയങ്ങള്‍ മനസിലാക്കാന്‍ കഴിയുമായിരുന്നു എങ്കിലും അവയിലെ വാചകങ്ങളോ ചിത്രങ്ങളോ അപ്പടി എടുത്തുപയോഗിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമില്ലായിരുന്നു. ഇന്നുമില്ല. അതുകൊണ്ട് സ്വ‍തന്ത്രമായി ഉപയോഗിക്കാന്‍ പറ്റുന്ന ഒരു എന്‍സൈക്ലോപീഡിയ നിര്‍മ്മിക്കുന്നതിനേപ്പറ്റി സ്റ്റാള്‍മാനുള്‍‍പ്പെടെയുള്ളവര്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു.

ആ സാഹചര്യ‍ത്തിലാണ് രണ്ടായിരാമാണ്ട് മാര്‍ച്ചില്‍ ജിമ്മി വെയ്‍ല്‍സ് എന്ന ഇന്റര്‍നെറ്റ് ബിസിനസ്‍കാരന്‍ സ്വതന്ത്രമായ ഒരു വിജ്ഞാനകോശം തുടങ്ങാന്‍ തീരുമാനിച്ചത്. അതിന് ന്യൂപീഡിയ (Nupedia) എന്നു പേരുമിട്ടു. പൊതുജനങ്ങളില്‍ നിന്ന് ലേഖനങ്ങള്‍ എഴുതാന്‍ പറ്റുന്നവരെ ക്ഷണിക്കുകയും അവരുടെ യോഗ്യത പരിശോധിച്ച് ലേഖനമെഴുതാന്‍ ഏല്‍പ്പിക്കുകയും ചെയ്യുക എന്നതായിരുന്നു രീതി. ലഭിച്ച ലേഖനങ്ങള്‍ ഒരു വിദഗ്ദ്ധ സമിതി പരിശോധിച്ച് അംഗീകരിച്ച ശേഷം മാത്രമാണ് ന്യൂപീഡിയയില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇംഗ്ലീഷില്‍ മാത്രം കുറേ ലേഖനങ്ങള്‍ അങ്ങനെ പ്രത്യക്ഷപ്പെട്ടു. Nupedia Open Content Licence എന്നൊരു ലൈസന്‍സിലാണ് ഇവ പ്രസിദ്ധീകരിച്ചിരുന്നത്. ചില നിയന്ത്രണങ്ങളോടെ എല്ലാവര്‍ക്കും ഇതിലെ ഉള്ളടക്കം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ന്യൂപീഡിയയുടെ നടത്തിപ്പിനുള്ള ചെലവുകള്‍ വഹിച്ചത് ജിമ്മിയുടെ സ്ഥാപനമായ ബോമിസ് ആയിരുന്നു.

എന്നാല്‍ ഈ രീതി പലര്‍ക്കും തൃപ്തികരമായിരുന്നില്ല. ഉള്ളടക്കം കുറേക്കൂടി സ്വ‍തന്ത്രമാവണം എന്നുള്ളതായിരുന്നു പലരുടെയും ആവശ്യം. അങ്ങനെ 2001ല്‍ അത് ഗ്നു ഫ്രീ ഡോക്യുമെന്റേഷന്‍ ലൈസന്‍സിലേക്കു മാറി (ബോക്സ് നോക്കുക). പക്ഷെ ലേഖനങ്ങള്‍ എഴുതുന്നതിനുള്ള നിയന്ത്രണങ്ങള്‍ വളരെയധികമാണു് എന്ന് സ്റ്റാള്‍മാനുള്‍‍പ്പെടെയുള്ളവര്‍ പരാതിപ്പെട്ടു. അങ്ങനെ എഴുതുന്നതിലും ഉപയോഗിക്കുന്നതിലും പൂര്‍ണ്ണ സ്വാതന്ത്ര്യ‍മുള്ള ഒരു എന്‍സൈക്ലോപീഡിയ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ 2001ല്‍ സ്വ‍തന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ആരംഭിച്ചു. ഗ്നുപീഡിയ എന്നാണ് അതിനു പേരിടാന്‍ തീരുമാനിച്ചത്. പക്ഷെ ആ പേരിലുള്ള വെബ്‍സൈറ്റിന്റെ അവകാശം ജിമ്മിയുടെ കൈവശമായിരുന്നതിനാല്‍ പേരു മാറ്റേണ്ടി വന്നു.

എന്തായാലും അത് ഒരു വിജയമാകുന്നതിനു മുമ്പുതന്നെ ജിമ്മി പുതിയൊരു വിജ്ഞാനകോശം തുടങ്ങി. ഇതില്‍ ആര്‍ക്കു വേണമെങ്കിലും ലേഖനങ്ങളെഴുതുകയും ഉള്ളടക്കം എന്താവശ്യ‍ത്തിനും സ്വ‍തന്ത്രമായി ഉപയോഗിക്കുകയും ചെയ്യാവുന്ന തരത്തിലുള്ള ലൈസന്‍സായിരുന്നു --- ഗ്നു ഫ്രീ ഡോക്യുമെന്റേഷന്‍ ലൈസന്‍സ്. ആ വിജ്ഞാനകോശമാണു് ഇന്ന് ലോകത്തേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന വിജ്ഞാനകോശമായ വിക്കിപ്പീഡിയ. ഇത് വളര്‍‍ത്തിക്കൊണ്ടുവന്നത് നമ്മളെല്ലാം ചേര്‍ന്നാണു്. ഇതിലെ ലേഖനങ്ങള്‍ എഴുതാന്‍ വിശേഷിച്ച് വിദഗ്ധരെ ആരെയും നിയമിച്ചിട്ടില്ല. ആര്‍ക്കു വേണമെങ്കിലും ഇതില്‍ ലേഖനങ്ങളെഴുതാം. ഉള്ള ലേഖനങ്ങളില്‍ മാറ്റം വരുത്താം. ഒന്നു രജിസ്റ്റര്‍ ചെയ്യ‌ണമെന്നേയുള്ളൂ. അതിനു് ചെലവൊന്നുമില്ലതാനും. ഇപ്പോള്‍ വിക്കിപ്പീഡിയയില്‍ ഇരുപത്തഞ്ച് ലക്ഷത്തിലധികം ലേഖനങ്ങള്‍ ഇംഗ്ലീഷില്‍ തന്നെയുണ്ട്. കൂടാതെ ഏതാണ്ട് ഇരുനൂറ്റമ്പതിലധികം ഭാഷകളിലുള്ള ലേഖനങ്ങളുമുണ്ട്. എട്ടു ഭാഷകളില്‍ മൂന്നു ലക്ഷത്തിലധികം ലേഖനങ്ങളുണ്ട്. ഇന്ത്യ‍ന്‍ ഭാഷകളില്‍ അധികം ലേഖനങ്ങളില്ല. അതില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത് 41,000 ലേഖനങ്ങളോടെ തെലുങ്കാണ്. മണിപ്പുരി, ബംഗാളി, ഹിന്ദി, മറാഠി, തമിഴ് എന്നിവയിലെല്ലാം പതിനായിരത്തിലധികം ലേഖനങ്ങളുണ്ട്. മലയാളത്തിലാണെങ്കില്‍ ഇപ്പോള്‍ ഏഴായിരത്തില്‍ താഴെയേയുള്ളൂ ലേഖനങ്ങള്‍. പക്ഷെ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന മലയാളം സര്‍വ്വ‍വിജ്ഞാനകോശത്തിലെ ലേഖനങ്ങളെല്ലാം വിക്കിപ്പീഡിയയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. അപ്പോള്‍ മലയാളത്തിന്റെ സ്ഥിതി വളരെ മുന്നിലാവും. എന്നു മാത്രമല്ല ലോകത്തുള്ള മലയാളം വായിക്കാനറിയാവുന്ന എല്ലാവര്‍ക്കും അതൊരു നല്ല സമ്മാനമാകുകയും ചെയ്യും.

ഇന്ന് വിക്കിപ്പീഡിയ നടത്തുന്നത് വിക്കിപ്പീഡിയ ഫൌണ്ടേഷനാണ്. പൊതുജനങ്ങളുടെ സംഭാവനയാണ് അവരുടെ വരുമാനം. ഇന്നവര്‍ക്ക് മറ്റു പല പദ്ധതികളുമുണ്ട്. വിക്കിപ്പീഡിയ പോലെ പൊതുജനങ്ങളാല്‍ നിര്‍മ്മിക്കപ്പെടുന്ന വിക്‍ഷ്ണറി എന്ന ഡിക്‍ഷ്ണറിയാണ് അവയിലൊന്ന്. ഇവിടെയുമുണ്ട് മലയാളം. പക്ഷെ മലയാളം വിക്‍ഷ്ണറിയില്‍ കുറച്ചു പദങ്ങളേയുള്ളൂ, ഏതാണ്ടു് മൂവായിരത്തോളം. ഈ സ്ഥിതി മാറ്റേണ്ടത് നമ്മുടെയെല്ലാം ജോലിയാണ്. മലയാളം ഡിക്‍ഷ്ണറി മാത്രമല്ല അവിടെയുള്ളത്. കൂട്ടത്തില്‍ മറ്റു ഭാഷകളിലെ വാക്കുകളുടെ മലയാളം അര്‍ത്ഥവുമുണ്ട്.

വിക്കിമീഡിയയില്‍ വിക്കി പുസ്തകങ്ങള്‍, വിക്കി വാര്‍ത്തകള്‍, വിക്കി കോമണ്‍സ് എന്നിങ്ങനെ മറ്റു പലതുമുണ്ടു്. വിക്കി എന്ന വാക്ക് സൂചിപ്പിക്കുന്നത് വേഗം, പെട്ടെന്ന് എന്നൊക്കെയാണ്. വിക്കിപ്പീഡിയയുടെ കാര്യ‍ത്തില്‍ ഇത് അന്വര്‍ത്ഥമാകുകയാണ്. സാധാരണഗതിയില്‍ ഒരു വിജ്ഞാനകോശം തയാറാകാന്‍ അനേകം വര്‍ഷങ്ങളെടുക്കും. പക്ഷെ വിക്കിപ്പീഡിയ അഞ്ചോ ആറോ വര്‍ഷം കൊണ്ടു് നല്ലയൊരു വിജ്ഞാനകോശമായിക്കഴിഞ്ഞു. മറ്റൊരു കാര്യം കൂടി. വിജ്ഞാനകോശമാകുമ്പോള്‍ തെറ്റുകള്‍ പാടില്ലല്ലോ. 2005ല്‍ നേച്ചര്‍ എന്ന ശാസ്ത്രജേര്‍ണ്ണലിന്റെ പ്രസാധകര്‍ വിജ്ഞാനകോശങ്ങളുടെ മുത്തശ്ശി ബ്രിട്ടാനിക്കയുമായി വിക്കിപ്പീഡിയ തട്ടിച്ചു നോക്കുകയുണ്ടായി. വിശദമായ ഈ പഠനത്തിന്റെ ഫലം അമ്പരപ്പിക്കുന്നതായിരുന്നു. രണ്ടും തമ്മില്‍ നിലവാരത്തില്‍ കാര്യമായ വ്യ‍ത്യാസമൊന്നുമില്ല! ബ്രിട്ടാനിക്കയില്‍ ശരാശരി ഒരു ലേഖനത്തില്‍ മൂന്നു പിശകുകള്‍ വീതം കണ്ടപ്പോള്‍ വിക്കിപ്പീഡിയയില്‍ കണ്ടത് ശരാശരി നാലു തെറ്റുകള്‍! നേച്ചറില്‍ പ്രസിദ്ധീകരിച്ച ഈ പഠനറിപ്പോര്‍ട്ട് ബ്രിട്ടാനിക്ക നിരസിച്ചിട്ടുണ്ട്. പക്ഷെ ബ്രിട്ടാനിക്കയുടെ അന്ത്യത്തിന്റെ ആരംഭമായിട്ടാണ് പലരും വിക്കിപ്പീഡിയയെ കാണുന്നതു്.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു പദ്ധതിയാണ് വിക്കിമാപ്പിയ ‌(http://wikimapia.org/ ‌നോക്കുക.) ഗൂഗ്ള്‍ ഭൂപടങ്ങള്‍ പോലെ ഭൂപടങ്ങളും ഉപഗ്രഹചിത്രങ്ങളും \eng(satellite images) ‌കാട്ടിത്തരുകയും അതില്‍ സ്ഥലങ്ങള്‍ അടയാളപ്പെടുത്താനുള്ള സൌകര്യം തരുകയും ചെയ്യുന്ന ഒരു വെബ്‍സൈറ്റാണ് വിക്കിമാപ്പിയ. പലരും സ്വന്തം വീടും കാമുകിയുടെയൊ കാമുകന്റെയൊ സുഹൃത്തുക്കളുടെയൊ വീടും മറ്റും അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അറിയപ്പെടുന്ന, പ്രയോജനപ്പെടുന്ന സ്ഥലങ്ങളെല്ലാം തന്നെയും ജനങ്ങള്‍ ചേര്‍ന്ന് അടയാളപ്പെടുത്തിക്കഴിഞ്ഞു, കേരളത്തിലെ പോലും. സ്ഥലം പരിചയമില്ലാത്തവര്‍ക്ക് വളരെ സഹായകമായ ഒരു വെബ്‍സൈറ്റാണിത്.

സ്വ‍തന്ത്രമായ സര്‍ഗ്ഗസൃഷ്ടികള്‍

സോഫ്റ്റ്‌വെയറിലും അറിവിലും സ്വാതന്ത്ര്യം എങ്ങനെ വന്നു എന്നു നാം കണ്ടല്ലോ. എന്നാല്‍ അറിവ് എന്നു പറയുമ്പോള്‍ വിജ്ഞാനകോശത്തില്‍ കാണുന്ന അറിവ് മാത്രമല്ല ഇന്നുദ്ദേശിക്കുന്നത്. ചിത്രം, ചലച്ചിത്രം, കഥ, സംഗീതം തുടങ്ങിയ സര്‍ഗ്ഗസൃഷ്ടികളെയും ഇന്ന് അറിവിന്റെ കൂട്ടത്തില്‍ ഉള്‍‍പ്പെടുത്തുന്നുണ്ട്. ഇവയെല്ലാം തന്നെ ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യ‍മാക്കാം എന്നു മാത്രമല്ല, പലപ്പോഴും ഡിജിറ്റല്‍ രൂപത്തിലാണ് കൈകാര്യം ചെയ്യുന്നതും. ഇവിടെയും സ്വാതന്ത്ര്യ‍ത്തിനു പ്രസക്തിയുണ്ട്. പക്ഷെ ഇവയൊക്കെ സൃഷ്ടിക്കുമ്പോള്‍ തന്നെ പകര്‍പ്പവകാശ നിയമത്തിനു കീഴിലായിപ്പോകുന്നു, വിശേഷിച്ച് അമേരിക്കന്‍ ഐക്യ‍നാടുകള്‍ പോലുള്ള ചില രാജ്യങ്ങളില്‍. അവ സൃഷ്ടിച്ചവര്‍ക്കു തന്നെ പകര്‍പ്പവകാശത്തിന്റെ കടുംപിടിത്തമില്ലാതെ വിതരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

പകര്‍പ്പവകാശത്തിന്റെ കടുത്ത നിയന്ത്രണങ്ങളില്ലാതെ സര്‍ഗ്ഗസൃഷ്ടികള്‍ വിതരണം ചെയ്യാനുള്ള മാര്‍ഗ്ഗമാണ് ‌Creative Commons ‌നമുക്കൊരുക്കിത്തരുന്നത്. ഇവിടെ നമ്മുടെ ഇഷ്ടമനുസരിച്ച് കുറെ സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് നല്‍കത്തക്കവിധം നമ്മുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്ന ലൈസന്‍സുകള്‍ ലഭ്യ‍മാക്കിയിട്ടുണ്ട്. ഇവയില്‍ നാലെണ്ണമാണ് പ്രധാനപ്പെട്ടത്. ഒന്ന്, ‌attribution (by ‌എന്നു സൂചിപ്പിക്കപ്പെടുന്നു) അതായത് മൂലകൃതി ഏതാണ് എന്ന് പുനപ്രസിദ്ധീകരിക്കുമ്പോള്‍ സൂചിപ്പിക്കണം എന്നനുശാസിക്കുന്നതാണു്. രണ്ട്, ‌non-commercial (nc), ‌അതായത്, സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ സഹായിക്കുന്ന ആവശ്യ‍ങ്ങള്‍ക്ക് ഉപയോഗിക്കരുത്; അല്ലാത്ത ഏതാവശ്യത്തിനും ഈ സൃഷ്ടി പ്രത്യേക അനുമതിയില്ലാതെ ഉപയോഗിക്കാം എന്നു പറയുന്നു. മൂന്ന്, ‌share alike (sa), ‌അതായത്, ഇതില്‍ മാറ്റങ്ങള്‍ വരുത്തുകയോ ഇതിനെ ആശ്രയിച്ചുകൊണ്ട് മറ്റൊരു സൃഷ്ടി നടത്തുകയോ ചെയ്താല്‍ അതും ഇതേ ലൈസന്‍സ് പ്രകാരം മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്നു നിബന്ധിക്കുന്നു. നാല്, ‌no derivative works (nd), ‌അതായത് ഇതേ രൂപത്തില്‍ മാത്രമെ ഇത് പ്രസിദ്ധീകരിക്കാവൂ, മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിക്കരുത് എന്ന നിബന്ധന. ഈ നാലു ലൈസന്‍സുകള്‍ പല രീതിയില്‍ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.

ഉദാഹരണമായി, ഈ ലേഖനം തന്നെ ‌by, sa ‌എന്ന രണ്ടു ലൈസന്‍സുകളും ചേര്‍ത്താണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ മാറ്റങ്ങള്‍ വരുത്തി പുനപ്രസിദ്ധീകരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ രണ്ടു നിബന്ധനകളുണ്ട്. ഒന്ന്, മൂലലേഖനം ഇന്നതാണ് എന്ന് സൂചിപ്പിച്ചിരിക്കണം. രണ്ട്, ഇതേ ലൈസന്‍സ് പ്രകാരം തന്നെ പ്രസിദ്ധീകരിക്കണം. അപ്പോള്‍ ഈ ലേഖനത്തിന്റെ ഒടുവില്‍ കൊടുത്തിരിക്കുന്ന കുറിപ്പ് ഉള്‍പ്പെടുത്തിയിരിക്കണം എന്നര്‍ത്ഥം.

ഇവ കൂടാതെ മറ്റു ചില ലൈസന്‍സുകളുമുണ്ടു്. യാതൊരു നിയന്ത്രണവുമില്ലാത്തതാണു് ഒന്നു്. ``ഇത് പൊതുസ്വത്താണു്'' എന്നു പറയുന്നത്തിനു് തുല്ല്യം. ഇതിനു് ‌Public Domain Dedication ‌എന്നു പറയുന്നു. പിന്നൊന്നു് പുതിയതാണു്. ഒരു കൃതിയിലെ ചില ഭാഗങ്ങള്‍ മാത്രം സ്വന്തം കൃതിയില്‍ ഉള്‍പ്പെടുത്താനുള്ള അവകാശം നല്‍കുന്നതാണതു്. ഇതിനു് ‌Sampling Licence ‌എന്നു പറയുന്നു. ബ്രസീലിലെ സാംസ്ക്കാരീക വകുപ്പു മന്ത്രിയായിരുന്ന ഗില്‍ബര്‍ട്ടോ ഗില്‍ എന്ന സംഗീതജ്ഞന്‍ തന്റെ ചില കൃതികള്‍ ഈ ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

എന്നാല്‍ ക്രിയേറ്റീവ് കോമണ്‍സില്‍ ഇതിനു് നേരേ വിപരീതമായ ഒരു സംഭവമുണ്ടായി. കൊളിന്‍ മച്ച്‌ലര്‍ ‌(Colin Mutchler) ‌എന്നൊരാള്‍ ഒരു വയലിന്‍ സംഗീതമുണ്ടാക്കി ‌My Life ‌എന്ന പേരില്‍ ഇന്റര്‍നെറ്റിലിട്ടു. വയലിന്‍ മാത്രമുണ്ടായിരുന്ന അതില്‍ കോറ ബെത് \eng(Cora Beth) ‌എന്നൊരാള്‍ ഗിത്താര്‍ സംഗീതം കൂടി ചേര്‍ത്തു് അതിനെ ‌‌My Life Changed ‌എന്ന പേരില്‍ ഇന്റര്‍നെറ്റിലിട്ടു. അപ്പോള്‍ ആ സംഗീതം കുറേക്കൂടി സുന്ദരമായി. ഇനിയൊരാള്‍ക്ക് മറ്റൊരു ഉപകരണസംഗീതമൊ മനുഷ്യശബ്ദമൊ ചേര്‍ക്കാം. അപ്പോള്‍ അതിന്റെ സൌന്ദര്യം കുറേക്കൂടി വര്‍ദ്ധിക്കും. ഒരു കലാസൃഷ്ടി ഉടലെടുക്കുന്നതിന്റെ പുതിയൊരു രീതിയല്ലേ ഇതു്? എല്ലാ കലാകാരന്മാര്‍ക്കും ഇതിനോട് യോജിപ്പുണ്ടായി എന്നു വരില്ല. പക്ഷെ മൂലകൃതി അതുപോലെതന്നെ നിലനില്‍ക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതില്‍ മാറ്റം വരുത്തി പ്രസിദ്ധീകരിക്കാനുള്ള അവസരം നിരസിക്കുന്നതെന്തിനു്? ഒരുപക്ഷെ അങ്ങനെ കൂടുതല്‍ ഭംഗിയുള്ള മറ്റൊരു സൃഷ്ടിയുണ്ടായി എന്നുവരാം. എന്തായാലും ഇതുവരെ നമുക്കു് പരിചിതമല്ലാത്ത രീതിയിലുള്ള ഒരുതരം സൃഷ്ടിയാണിതു് എന്നതിനു് സംശയമില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ക്രിയേറ്റീവ് കോമണ്‍സ് എന്ന ലൈസന്‍സിങ് സമ്പ്രദായവും ആണു് ഇതിനു് അവസരമൊരുക്കി തന്നതു്. നമുക്കതിനു് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫ. ലാറന്‍സ് ലെസ്സിഗിനോട് നന്ദി പറയാം. അദ്ദേഹമാണു് ക്രിയേറ്റീവ് കോമണ്‍സിന്റെ സൃഷ്ടികര്‍ത്താവു്. ക്രിയേറ്റീവ് കോമണ്‍സിനേപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ ‌http://creativecommons.org ‌എന്ന വെബ്‍സൈറ്റ് പരിശോധിക്കാം.

ശാസ്ത്രം സ്വതന്ത്രമാവണം

ശാസ്ത്രം സ്വതേ സ്വതന്ത്രമാണു്. പുതിയ അറിവു് മറ്റു ശാസ്ത്രജ്ഞര്‍ക്കു പകര്‍ന്നു കൊടുത്തുകൊണ്ടു തന്നെയാണു് ശാസ്ത്രം പുരോഗമിച്ചതു്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ശാസ്ത്രത്തിന്റെ പുരോഗതി വളരെ സാവധാനമാകുമായിരുന്നല്ലൊ. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ സ്വാതന്ത്ര്യത്തിനു ചില നിയന്ത്രണങ്ങളുണ്ടായി. അതിനെതിരെയാണു് പുതിയ പ്രസ്ഥാനം പോരാടുന്നത്. നമുക്കിതു് കുറച്ചുകൂടി വിശദമായി പരിശോധിക്കാം.

പതിനേഴാം നൂറ്റാണ്ടിലാണു് ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനായി ആദ്യമായി ഒരു പ്രസിദ്ധീകരണമുണ്ടായതു്. ലണ്ടനിലെ റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച ``ഫിലോസഫിക്കല്‍ ട്രാന്‍സാക്‍ഷന്‍സ്'' എന്ന മാസികയായിരുന്നു അതു്. ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ ഇങ്ങനെ പൊതുജനത്തിനെ മുഴുവന്‍ അറിയിക്കുന്നതു് അതിനെ ആഭാസമാക്കുകയാണെന്നു പോലും ചില സൊസൈറ്റി അംഗങ്ങള്‍ക്കു് അഭിപ്രായമുണ്ടായിരുന്നുവത്രെ. അതുവരെ ശാസ്ത്രജ്ഞരുടെ സമ്മേളനങ്ങളില്‍ മാത്രമാണു് കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിച്ചിരുന്നതു്. എന്തായാലും മാര്‍ച്ച് 1665 മുതല്‍ക്കു് ശാസ്ത്രീയ പഠനങ്ങളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി.

ആദ്യകാലത്തൊക്കെ ശാസ്ത്രജ്ഞരുടെ സൊസൈറ്റികളാണു് ഇത്തരം ജേര്‍ണ്ണലുകള്‍ നടത്തിയിരുന്നതു്. പക്ഷെ ജേര്‍ണ്ണലുകള്‍ കൊണ്ടുള്ള പ്രയോജനം മനസിലായപ്പോള്‍ കൂടുതല്‍ ജേര്‍ണ്ണലുകളുടെ ആവശ്യമുണ്ടായി. എല്ലാ വിഷയങ്ങള്‍ക്കുമായി ഒരു പൊതു ജേര്‍ണ്ണല്‍ ഉണ്ടായിരുന്നിടത്തു് ഓരോ വിഷയത്തിനും ഒരു ജേര്‍ണ്ണല്‍ എന്നായി. പിന്നീടു് ഓരോ വിഷയത്തിലെ ഓരോ ഭാഗത്തിനും ഒരു ജേര്‍ണ്ണല്‍ എന്നായി. ശാസ്ത്രജ്ഞന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വന്നതനുസരിച്ചു് കൂടുതല്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരണത്തിനു വന്നു തുടങ്ങിയപ്പോള്‍ കൂടുതല്‍ ജേര്‍ണ്ണലുകള്‍ വേണ്ടിവന്നു. സര്‍ക്കാര്‍ ശാസ്ത്ര പഠനങ്ങള്‍ക്കായി പണം മുടക്കാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ പ്രബന്ധങ്ങളും കൂടുതല്‍ പ്രസിദ്ധീകരണങ്ങളുമുണ്ടായി. (മുമ്പു് വ്യക്തികളും സ്വകാര്യ സംഘടനകളുമാണു് ഗവേഷണത്തിനു് പണം കൂടുതലും മുടക്കിയിരുന്നതു്.) സ്വകാര്യ കമ്പനികള്‍ ശാസ്ത്ര പ്രസിദ്ധീകരണം ലാഭകരമായ ബിസിനസ്സായി കണ്ടു. അവര്‍ പലരും ശാസ്ത്ര പ്രസിദ്ധീകരണ രംഗത്തേക്കിറങ്ങി. മാത്രമല്ല പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പവകാശം അവര്‍ സ്വന്തമാക്കുകയും. ചെയ്തു.

ഒന്നാലോചിച്ചു നോക്കൂ. ഗവേഷണത്തിനുള്ള പണം മുടക്കുന്നത് സര്‍ക്കാര്‍, അതായതു് പൊതുജനം. ഗവേഷകരുടെ ശമ്പളം നല്‍കുന്നതും പൊതുജനം. ഗവേഷണഫലങ്ങളെ സംബന്ധിക്കുന്ന പ്രബന്ധങ്ങള്‍ രചിക്കുന്നതു് പൊതുജനം ശമ്പളം നല്‍കുന്ന ശാസ്ത്രജ്ഞര്‍ തന്നെ. അവ പരിശോധിച്ച് പ്രസിദ്ധീകരണയോഗ്യമാണോ എന്നു തീരുമാനിക്കുന്നതും ശാസ്ത്രജ്ഞര്‍. പ്രസിദ്ധീകരണ കമ്പനി ചെയ്യുന്നതു് അച്ചടിച്ചു വിതരണം ചെയ്യുക മാത്രം. പക്ഷെ അതിന്റെ, പ്രസിദ്ധീകരണത്തിന്റെ, പകര്‍പ്പവകാശം കമ്പനിയുടെ കൈവശം. പൊതുജനങ്ങള്‍ക്കോ, എന്തിനു് മറ്റൊരു ശാസ്ത്രജഞനു പോലുമോ, ഒരു പ്രബന്ധം കാണണമെങ്കില്‍ ജേര്‍ണ്ണലിന്റെ വരിക്കാരനാകണം. അല്ലെങ്കില്‍ പണം നല്‍കി പ്രബന്ധത്തിന്റെ ഒരു പകര്‍പ്പു് വാങ്ങണം. ഇതൊന്നും മാത്രമല്ല, ജേര്‍ണ്ണലുകളുടെ വില കുത്തനെ വര്‍ദ്ധിക്കുകയും ചെയ്തു. വികസിത രാഷ്ട്രങ്ങളിലെ പല സാമാന്യം സമ്പന്ന സര്‍വ്വകലാശാലകള്‍ക്കു പോലും അവര്‍ക്കാവശ്യമായ എല്ലാ ജേര്‍ണ്ണലുകളും വരുത്തുന്നതു് ബുദ്ധിമുട്ടായിത്തുടങ്ങി.

അങ്ങനെയാണു് ശാസ്ത്രപ്രസിദ്ധീകരണങ്ങള്‍ സ്വതന്ത്രമാകണം എന്ന മുറവിളി ഉയര്‍ന്നു തുടങ്ങിയതു്. ഇതിനൊരു മാര്‍ഗ്ഗം ഇന്റര്‍നെറ്റുപയോഗിക്കുക എന്നതാണു്. ജേര്‍ണ്ണലുകള്‍ പ്രിദ്ധീകരിക്കുന്ന പ്രബന്ധങ്ങള്‍ ഇന്റര്‍നെറ്റില്‍ അവര്‍ ലഭ്യമാക്കിയാല്‍ ലോകത്തിലെല്ലാവര്‍ക്കുംതന്നെ അതു് കിട്ടുമല്ലോ. പക്ഷെ സ്വാഭാവികമായും പ്രസാധകര്‍ അതിനു തയാറായില്ല. അങ്ങനെയാണു് നൊബെല്‍ സമ്മാനജേതാവു് പ്രൊഫ. ഹരോഡ് വാര്‍മുസും മറ്റുചിലരും ചേര്‍ന്നു് ‌Public Library of Science (PLoS) ‌എന്നൊരു പ്രസ്ഥാനം തുടങ്ങിയതു്. ഓരോ വിഷയത്തിലും ജേര്‍ണ്ണലുകള്‍ തുടങ്ങുകയും അവയിലെ പ്രബന്ധങ്ങളെല്ലാം സ്വതന്ത്രമായി ഇന്റര്‍ നെറ്റില്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണു് അവരിതു തുടങ്ങിയതു്. 2003 ഒക്ടോബറില്‍ ഈ സംഘടന പൂര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ‌PLoS Biology ‌ആയിരുന്നു അവരുടെ ആദ്യത്തെ പ്രസിദ്ധീകരണം. ഇന്നവര്‍ ഏഴു് ജേര്‍ണ്ണലുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ടു്. അവരുടെ വരുമാനം ജേര്‍ണ്ണലുകള്‍ വിറ്റു മാത്രമല്ല, അവയില്‍ പ്രസിദ്ധീകരിക്കുന്നതിനു് പണം വാങ്ങുന്നതിലൂടെയുമാണു്. പണം നല്‍കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു് അതില്‍ നിന്നു് ഒഴിവാകാനും കഴിയും. ജേര്‍ണ്ണലുകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള പുതിയ ബിസിനസ്സ് മോഡലാണു് അവര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതു്. അങ്ങനെ അറിവിലേക്കുള്ള മാര്‍ഗ്ഗം അവര്‍ തുറന്നിട്ടിരിക്കുകയാണു്. കൂടുതലറിയാന്‍ താത്പര്യമുള്ളവര്‍ക്കു് ‌http://www.plos.org ‌എന്ന വെബ്‍സൈറ്റ് നോക്കാം.

യൂറോപ്പിലെ ശാസ്ത്രജ്ഞര്‍ മറ്റൊരു മാര്‍ഗ്ഗമാണു സ്വീകരിച്ചതു്. പൊതുജനങ്ങളുടെ പണം കൊണ്ടു് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍, അതായതു് സര്‍ക്കാരിന്റെ പക്കല്‍ നിന്നു് പണം വാങ്ങി പഠനങ്ങള്‍ നടത്തുന്നവര്‍, സ്വന്തം പഠനഫലങ്ങള്‍ തങ്ങളുടെ സ്വന്തം വെബ്‍സൈറ്റിലൊ, സ്ഥാപനത്തിന്റെ വെബ്‍സൈറ്റിലൊ, അല്ലെങ്കില്‍ ആ വിഷയത്തിലുള്ള ലേഖനങ്ങള്‍ പൊതുവായി ഇടുന്ന വെബ്‍സൈറ്റിലൊ എവിടെയെങ്കിലും ഇടണമെന്നതു് നിര്‍ബന്ധമാക്കണം എന്നവര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍വെച്ച് ഓപ്പണ്‍ സൊസൈറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മേളനമാണു് ഈ ആവശ്യം ഉന്നയിച്ചതു്. ഒരു പക്ഷെ ശാസ്ത്രീയ അറിവുകള്‍ സ്വതന്ത്രമാക്കുക എന്ന ആവശ്യത്തിനായി എറ്റവും കൂടുതല്‍ വ്യക്തികളിലും സര്‍ക്കാരുകളിലും സമ്മര്‍ദ്ദം ചെലുത്താന്‍ കഴിഞ്ഞതു് ഈ പ്രസ്ഥാനത്തിനായിരിക്കും.

ഈ വിഷയത്തേക്കുറിച്ചു പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിച്ചു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചു നടത്തുന്ന പഠനങ്ങളുടെ ഫലങ്ങള്‍ ആര്‍ക്കും ലഭിക്കത്തക്ക വിധം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കേണ്ടതാണു് എന്നാണു് ആ കമ്മിറ്റി അഭിപ്രായപ്പെട്ടതു്. അന്നത്തെ സര്‍ക്കാര്‍ അതു് പൂര്‍ണ്ണമായി അംഗീകരിച്ചില്ല. യൂറോപ്പിലെ പല സ്ഥാപനങ്ങളും എന്നാല്‍ അങ്ങനെയൊരു നയം സ്വീകരിച്ചു. അവയില്‍ ഒരുപക്ഷെ ഏറ്റവും പ്രമുഖമാണു് യൂറോപ്യന്‍ ന്യൂക്ലിയര്‍ പഠനസ്ഥാപനമായ ‌CERN. ‌യൂറോപ്പില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നു തുടങ്ങിയെങ്കിലും അമേരിക്ക ഇക്കാര്യത്തില്‍ ഇപ്പോഴും പുറകിലാണു്. പല പ്രശസ്ത അമേരിക്കന്‍ ജേര്‍ണ്ണലുകളും ഇപ്പോഴും സ്വതന്ത്രമല്ല. എങ്കിലും ആകെ സ്വതന്ത്ര ജേര്‍ണ്ണലുകളില്‍ അമേരിക്കയാണു് മുന്നില്‍. ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര ജേര്‍ണ്ണലുകളില്‍ വലിയൊരു ഭാഗം സ്വതന്ത്രമാണു്. എന്നാല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ നിലവാരമുള്ള ലേഖനങ്ങളില്‍ വലിയ ശതമാനവും വിദേശത്തുള്ള സ്വതന്ത്രമല്ലാത്ത ജേര്‍ണ്ണലുകളിലാണു് പ്രസിദ്ധീകൃതമാകുന്നതു് എന്നതുകൊണ്ടു് ആ അറിവു് നമുക്കു ലഭിക്കണമെങ്കില്‍ നാമതിനു വില കൊടുക്കേണ്ടിയിരിക്കുന്നു. ഈ നില മാറേണ്ടതത്യാവശ്യമാണു്. സര്‍ക്കാര്‍ പണം നല്‍കുന്ന പഠനങ്ങളുടെ ഫലങ്ങള്‍ ആര്‍ക്കും ലഭിക്കുന്ന രീതിയില്‍ വെബ്‍സൈറ്റില്‍ ലഭ്യമാക്കണം എന്ന നിയമം കൊണ്ടുവരേണ്ടിയിരിക്കുന്നു. അതുകൊണ്ടു് രണ്ടു പ്രയോജനങ്ങളാണുണ്ടാവുക. ഈ പഠനഫലങ്ങള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകും. കൂടാതെ, ഭാരതീയ ജേര്‍ണ്ണലുകളുടെ നിലവാരം ഉയരുകയും ചെയ്യും.

സ്വാതന്ത്ര്യം മറ്റു രംഗങ്ങളില്‍

അറിവും സോഫ്റ്റ്‌വെയറും കലാസൃഷ്ടികളുമൊക്കെ എങ്ങനെ സ്വതന്ത്രമാകാം എന്നും അതിലൂടെ സമൂഹത്തിനു് എങ്ങനെ പ്രയോജനമുണ്ടാകാം എന്നുമാണു് നമ്മള്‍ കണ്ടതു്. എന്നാല്‍ ഈ സ്വാതന്ത്ര്യം മനുഷ്യജീവിതത്തിലെ മറ്റു രംഗങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നും ചിലര്‍ ചിന്തിച്ചിട്ടുണ്ടു്. ഉദാഹരണമായി ബിസിനസ്സില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ ആശയങ്ങള്‍ എങ്ങനെ ഉപയോഗിക്കാം. അല്ലെങ്കില്‍ മറ്റു വസ്തുക്കളുടെ ഉത്പാദനവും വിതരണവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പോലെ സാദ്ധ്യമാണോ? ഭ്രാന്തന്‍ എന്നു തോന്നാവുന്ന ഇത്തരം ആശയങ്ങള്‍ വളരെ ഗൌരവമായിത്തന്നെയാണു് ഇവര്‍ ചിന്തിക്കുന്നതു്.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയങ്ങള്‍ ബിസിനസില്‍ എങ്ങനെ ഉപയോഗിക്കാം എന്നാണു് പുണെയിലെ വിക്കിഓഷന്‍ എന്ന കമ്പനി പരിശോധിക്കുന്നതു് ‌(www.wikiocan.net). ‌സോഫ്റ്റ്‌വെയര്‍ ബിസിനസ്സാണു് അവരുടേതു്. വ്യത്യാസമെന്തെന്നാല്‍ അവരുടെ ബിസിനസിന്റെ എല്ലാ വിശദാംശങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാന്‍ കഴിയും. ആരു് എത്ര പണം തന്നു, എത്ര പണം വീതം ആര്‍ക്കൊക്കെ കൊടുത്തു, എത്ര ലാഭം കിട്ടി തുടങ്ങി എല്ലാ വിവരങ്ങളും അവരുടെ വെബ് സൈറ്റില്‍ നിന്നു ലഭിക്കും. തികച്ചും തുറന്ന ഒരു ബിസിനസ്സ് രീതി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണു് അവരുപയോഗിക്കുന്നതു് എന്നു പ്രത്യേകം പറയേണ്ടല്ലോ. അവരുടെ ബിസിനസ്സ് രീതിയെപ്പറ്റി വിക്കിഓഷന്റെ ‌CTO ‌ആയ പരിതോഷ് പുംഗലിയ പറഞ്ഞ ഒരുദാഹരണമിതാ. കമ്പനി പച്ചക്കറി കച്ചവടമാണു് ചെയ്യുന്നതു് എന്നു വിചാരിക്കുക. കൃഷിക്കാരന്റെ പക്കല്‍ നിന്നു് എന്തു വിലയ്ക്കാണു് വാങ്ങുന്നതു്, എന്തു വിലയ്ക്കാണു വില്‍ക്കുന്നതു് തുടങ്ങി എല്ലാ വിവരങ്ങളും നെറ്റിലുണ്ടാകും. എല്ലാ ചെലവും കഴിഞ്ഞു് പത്തു ശതമാനമാണു് കമ്പനി ലാഭമെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ അതും നെറ്റിലുണ്ടാകും. ലാഭം നിശ്ചിതമാണു്. തത്ഫലമായി കൃഷിക്കാരനു് കൂടുതല്‍ വില നല്കാനാകും, വാങ്ങുന്നവര്‍ക്കു് കുറഞ്ഞ വിലയ്ക്കു് വില്‍ക്കാനുമാകും.

പണമില്ലാത്തൊരു സമൂഹത്തേപ്പറ്റി ചിന്തിക്കാനാകുമോ? ഇന്നു് നമുക്കൊക്കെ ഇതു് സ്വപ്നം കാണാന്‍ പോലും പറ്റുമോ എന്നു സംശയമാണു്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉല്പാദിപ്പിക്കുന്നതു പോലെ മനുഷ്യനാവശ്യമുള്ള എല്ലാ വസ്തുക്കളും ഉത്പാദിപ്പിച്ചുകൂടെ എന്നു ചിന്തിക്കുകയും അതിനുള്ള വഴികള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ബുദ്ധിജീവികളുണ്ടു്. ഒയ്‍ക്കൊനക്സ് ‌(Oekonux) ‌എന്നാണവര്‍ സ്വന്തം കൂട്ടത്തെ വിളിക്കുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ യാതൊരു നിയന്ത്രണവുമില്ലാതെ ലഭ്യമാകുന്നതു പോലെ നമുക്കാവശ്യമുള്ള എല്ലാ വസ്തുക്കളും ലഭ്യമായിരുന്നെങ്കിലോ? രസമുള്ള ചിന്ത, അല്ലേ? അതത്ര എളുപ്പമല്ല എന്നു വ്യക്തം. അസാദ്ധ്യമെന്നു പോലും തോന്നാം. എന്നാല്‍ ഇതത്ര അസാദ്ധ്യമല്ല എന്നവര്‍ പറയും. മാത്രമല്ല ചില ചെറിയ സമൂഹങ്ങളില്‍ നടപ്പാക്കിയിട്ടുള്ളതു് കാണിക്കുകയും ചെയ്യും.

ഇങ്ങനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നുള്ള ആശയം മറ്റു പല രംഗങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടു്. ഇനിയെവിടെയൊക്കെ മാറ്റങ്ങള്‍ക്കിടയാക്കും എന്നും നിശ്ചയമില്ല. പക്ഷെ ഒരു കാര്യം വ്യക്തം. സാങ്കേതികവിദ്യയില്‍ മാറ്റങ്ങളുണ്ടാകുമ്പോള്‍ നമ്മുടെ നിയമങ്ങളിലും മാറ്റങ്ങളുണ്ടായെങ്കിലേ അതിന്റെ പൂര്‍ണ്ണ പ്രയോജനം സമൂഹത്തിനു ലഭിക്കൂ.

____________________________________________________________________________________

ഗ്നു ലൈസന്‍സുകള്‍

രണ്ടു ലൈസന്‍സുകളാണു് ഗ്നുവില്‍ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതു്. ഗ്നു ജി.പി.എല്‍. എന്നറിയപ്പെടുന്ന ‌General Public Licence ‌ആണു് ആദ്യത്തേതു്. സോഫ്റ്റ്‌വെയര്‍ എന്താവശ്യത്തിനും ഉപയോഗിക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനും പഠിച്ചു് മാറ്റം വരുത്താനും പുനര്‍വിതരണം ചെയ്യാനും ഉള്ള സ്വാതന്ത്ര്യം ഈ ലൈസന്‍സു തരുന്നു. എല്ലാ സ്വതന്ത്ര സോഫ്റ്റ്‌വെയറും ജി.പി.എല്‍. അനുസരിച്ചു തന്നെയല്ല വിതരണം ചെയ്യുന്നതു്. ഇതുപോലത്തെ, എന്നാല്‍ വിശദാംശങ്ങളില്‍ മാറ്റമുള്ള, മറ്റു ലൈസന്‍സുകളുമുണ്ടു്. ‌BSD Licence, Apache Licence, Mozilla Licence ‌തുടങ്ങിയവ ഉദാഹരണങ്ങളാണു്. ഇവയെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകളാണു്.

സോഫ്റ്റ്‌വെയര്‍ മാത്രം സ്വതന്ത്രമായാല്‍ പോരാ, അതിനേപ്പറ്റി വിവരിക്കുന്ന രേഖകളും സ്വതന്ത്രമാകണം എന്നു സ്റ്റാള്‍മാന്‍ തീരുമാനിച്ചു. അതിനുവേണ്ടിയാണു് ഗ്നു ‌Free Documentation Licence (FDL) ‌എന്നൊരു ലൈസന്‍സുകൂടി അദ്ദേഹം രൂപകല്പന ചെയ്തതു്. ഇതനുസരിച്ചു് അത്തരം രേഖകളില്‍ മാറ്റം വരുത്താനും പുനപ്രസിദ്ധീകരിക്കാനുമുള്ള സ്വാതന്ത്ര്യം ഉപയോക്താക്കള്‍ക്കുണ്ടു്.
സോഫ്റ്റ്‌വെയറിനെ സംബന്ധിക്കുന്ന രേഖകള്‍ക്കുവേണ്ടി സൃഷ്ടിച്ചതാണെങ്കിലും ഈ ലൈസന്‍സ് മറ്റാവശ്യങ്ങള്‍ക്കു വേണ്ടിയും ഉപയോഗപ്പെടുത്തുന്നുണ്ടു്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം വിക്കിപ്പീഡിയയിലാണെന്നു പറയാം. അതിലെ എല്ലാ ലേഖനങ്ങളും ഗ്നു ‌FDL ‌അനുസരിച്ചാണു് വിതരണം ചെയ്തിരിക്കുന്നതു്.
_____________________________________________________________________________________

(‌ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് ‌Attribution Share Alike (by sa) 2.5 India ‌ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ കുറിപ്പുകൂടി ഉള്‍‍പ്പെടുത്തുന്ന പക്ഷം ഈ ലേഖനം ഏതു മാധ്യമത്തിലും ഇതേ രൂപത്തിലോ മാറ്റം വരുത്തിയോ പ്രസിദ്ധീകരിക്കുന്നതിനു് പ്രത്യേക അനുവാദം ആവശ്യമില്ല. ലൈസന്‍സിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ‌http://creativecommons.org/licenses/by-sa/2.5/in/ ‌എന്ന വെബ് പേജില്‍ ലഭ്യമാണു്)

3 comments:

ഖാദര്‍ said...

സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ചും മറ്റും കൂടുതലറിയാന്‍ സാധിച്ചു
നന്ദി

Anoop Narayanan said...

ഈ ലേഖനത്തില്‍ വന്നിട്ടുള്ള ചില ചെറിയ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനു വേണ്ടിയാണീ കുറിപ്പ്
1. വിക്കിപീഡിയയെ പറ്റി പറയുന്ന ഭാഗത്ത് വിക്കിപീഡിയയില്‍ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എഴുതിക്കാണുന്നു. അത് തെറ്റാണ്, വിക്കിപീഡിയയില്‍ തിരുത്തലുകള്‍ നടത്തുന്നതിന് രജിസ്റ്റര്‍ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. രജിസ്റ്റര്‍ ചെയ്ത് ഒരു ലേഖനം തുടങ്ങുകയോ ,ഉള്ള ലേഖനത്തില്‍ തിരുത്തലുകള്‍ വരുത്തിയാലോ നമ്മള്‍ ലോഗിന്‍ ചെയ്ത ഐ.ഡിയില്‍ ആ വിവരം ലേഖനത്തിന്റെ നാള്‍വഴിയില്‍ സൂക്ഷിക്കപ്പെടും. ലോഗിന്‍ ചെയ്യതെ തിരുത്തലുകള്‍ നടത്തിയാല്‍ നമ്മുടെ ലോഗിന്‍ ഐഡിക്ക് പകരം നമ്മുടെ ഐ.പി അഡ്രസ് ആയിരിക്കും നാള്‍വഴിയില്‍ ശേഖരിക്കപ്പെടുക. ഇത് മാത്രമാണു വിക്കിപീഡിയയില്‍ ലോഗിന്‍ ചെയ്തു തിരുത്തലുകള്‍ വരുത്തിയാലും അല്ലാതെയും ഉള്ള പ്രധാന വ്യത്യാസം.
2. വിക്കിപീഡിയയെ പറ്റി പറഞ്ഞതിന്റെ അവസാനഭാഗത്ത് വിക്കിമാപ്പിയയെ പറ്റി സൂചിപ്പിച്ചു കണ്ടു. അത് വായനക്കാരില്‍ സംശയം ഉളവാക്കും. വിക്കിപീഡിയ നടത്തുന്ന വിക്കിമീഡിയ ഫൌണ്ടേഷന്റെ കീഴില്‍ വരുന്ന ഒരു സംരഭം അല്ല വിക്കിമാപ്പിയ. ഈ രണ്ടു സംരഭങ്ങളും വിക്കി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതു കാരണമാണ് വിക്കി എന്ന പദം രണ്ടിലും വന്നത്. വിക്കിമാപ്പിയയെ വിക്കിമീഡിയ ഫൌണ്ടേഷനു കീഴില്‍ കൊണ്ടുവരാനുള്ള ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സൂചിപ്പിക്കട്ടെ.

Abey E Mathews said...

**********************************************
http://www.boolokam.co.cc/
**********************************************
please sent (സാങ്കേതികം)technology based
Malayalam blogs to
email:abey@malayalamonline.co.cc
**********************************************
or
**************************************************************
To add your blog to blogroll(വിഷയമനുസരിച്ച് ബ്ലോഗ് തരംതിരിക്കാന്‍)
**************************************************************
it is for creating a സാങ്കേതികം ബ്ലോഗ്റോള്‍
http://blogroll-1.blogspot.com/
********************************************
give me feedback also
*********************